കോയിവിള

ഭൂഗോളത്തിന്റെ ഏതാണ്ട് മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന കോയിവിള ദേശം, കൊല്ലം ജില്ലയിലെ തേവലക്കര വില്ലേജില്‍ പുല്ലിക്കാട് ജംഗ്ഷന്‍ മുതല്‍ പാവുമ്പാ പാലം വരേയും ചേരീക്കട മുതല്‍ പുത്തന്‍സങ്കേതം വരേയും അഷ്ടമുടിക്കായലിന്റെ പടിഞ്ഞാറെ ഓരം ചേര്‍ന്ന് നീണ്ടുപരന്ന് വക്കുപൊട്ടിയ ഒരു പിഞ്ഞാണമുറി പോലെ കാണപ്പെടുന്നു. ചവറ-തെക്കുംഭാഗം പഞ്ചായത്തുകളും മൊട്ടയ്ക്കല്‍-പാലയ്ക്കല്‍ പ്രദേശങ്ങളും അതിരിടുന്ന കോയിവിള ദേശത്തിന്റെ വിരിമാറിലൂടെ പടപ്പനാല്‍-തെക്കുംഭാഗം, പടപ്പനാല്‍-കൊറ്റംകുളങ്ങര ദേശീയപാതകള്‍ കടന്നുപോകുന്നു. വിമാനത്താവളങ്ങളോ സൂപ്പര്‍‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളോ ഇനിയും കടന്നുവന്നിട്ടില്ലാത്ത കോയിവിള ദേശത്തെ, ലോകത്തിന്റെ ഇതരഭഗങ്ങളുമായി ബന്ധിപ്പിക്കുന്നത് പ്രസ്തുത ദേശീയപാതകളാണ്. വളവുകള്‍ തൊങ്ങല്‍ ചാര്‍ത്തുന്ന റോഡുകളാലും കറുത്തനിറമുള്ള കാക്കകളാലും സമ്പന്നമായ കോയിവിള ദേശത്തെ ഏറ്റവും ഉയരം കൂടിയ ഭാഗം വിശുദ്ധ അന്തോണീസ് പള്ളിയുടെ മണ്ടയ്ക്ക് നാട്ടിയിരിക്കുന്ന കോണ്‍ക്രീറ്റ് കുരിശും ഏറ്റവും ആഴം കൂടിയ ഭാഗം മണ്ണൂര്‍ കുളത്തിന്റെ വടക്കുപടിഞ്ഞാറെ മൂലയുമാണ്. വര്‍ഷകാലത്ത് ചേതമില്ലാത്ത മഴയും വേനല്‍ക്കാലത്ത് സ്റ്റൈലന്‍ ചൂടും അനുഭവപ്പെടുന്ന കോയിവിളയിലൂടെ, കുട്ടന്‍ മാക്രികള്‍ക്ക് പ്രജനനം നടത്താനും നീര്‍ക്കോലികള്‍ക്ക് മുങ്ങാം കുഴിയിടാനും വേണ്ടി സത്യപാലന്‍ മൊതലാളിയുടെ കാര്‍മ്മികത്വത്തില്‍ നിര്‍മ്മിക്കപ്പെട്ട കെ.എ.പി. കനാല്‍ ഒരു ചൈനാമതിലുപോലെ കടന്നുപോകുന്നു. പതിറ്റാണ്ടുകളായി, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിജ്ഞാനദാഹികളായ പൌരന്മാരും പൌരിമാരും ദാഹം തീര്‍ക്കാ‍നെത്തുന്ന അയ്യന്‍ കോയിക്കല്‍ സര്‍ക്കാര്‍ പള്ളിക്കൂടവും മുട്ടത്തുവര്‍ക്കി-ബാറ്റണ്‍ബോസ് കഥകളാല്‍ സമ്പന്നമായ നേതാജി ഗ്രന്ഥശാലയും കോയിവിളയുടെ വിദ്യാഭ്യാസ-സാംസ്കാരിക രംഗത്തെ അമൂല്യരത്നങ്ങളായി പ്രശോഭിക്കുന്നു. പോലീസുകാരില്ലാത്ത പോലീസ് സ്റ്റേഷനും നിനിമയില്ലാത്താ സിനിമാ തീയേറ്ററും കോയിവിള ദേശത്തിന്റെ മറ്റു സവിശേഷതകളാണ്.